കൊച്ചി: കൊച്ചി കായലിന്റെ ഇങ്ങേക്കരയില്നിന്നു നോക്കിയാല്‍ ദൂരെ മട്ടാഞ്ചേരിയുടെ തുരുത്തില് തെങ്ങുകള്‍ തലപൊക്കിനില്‍ക്കുന്നതു കാണാം. അതിനിടെ പരന്നുകിടന്ന കായലില്‍ റോബര്‍ട്ട് ബ്രിസ്റ്റോ എന്ന ബ്രിട്ടീഷ് ഹാര്‍ബര്‍ എന്‍ജിനിയര്‍ പച്ചവിരിച്ച സ്വപനത്തിന് 100 വയസ് തികയുകയാണ്. 200 ഏക്കര്‍ കായല്‍ നികത്തിയെടുത്ത് അദ്ദേഹം നിര്‍മിച്ച ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യ നിര്‍മിത ദ്വീപായ വെല്ലിംഗ്ടണ്‍ ഐലൻഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിന്റെ നൂറാം വാര്‍ഷികമാണ് അടുത്ത മാസം.
1926 മേയിലാണ് വെല്ലിംഗ്ടണ്‍ ഐലന്‍ഡ് എന്ന അത്ഭുതദ്വീപിന്റെ നിര്‍മിതികള്‍ ആരംഭിക്കുന്നത്. അന്ന് ചെറിയ ചരക്ക് കൈമാറ്റ ഇടമായ കൊച്ചി തുറമുഖത്തെ ഇന്നു കാണുന്ന അന്താരാഷ്ട്ര തുറമുഖമാക്കി മാറ്റുന്നതിനുള്ള പണികള്‍ ആരംഭിച്ചതും അന്നാണ്. കാരണം തുറമുഖവും വെല്ലിംഗ്ടണ്‍ ഐലൻഡും തമ്മില്‍ ഒരു കൊടുക്കല്‍ വാങ്ങല്‍ ബന്ധമുണ്ടായിരുന്നു.
1341ലെ മഹാപ്രളയത്തിനുശേഷം രൂപപ്പെട്ട തുറമുഖം നൂറ്റാണ്ടുകളായി ചെറിയ ചരക്ക് കൈമാറ്റ ഇടം മാത്രമായിരുന്നു. വലിയ ചരക്കുകപ്പലുകളെ സ്വീകരിക്കുന്ന നിലയില്‍ കൊച്ചിയില്‍ ഒരു വലിയ തുറമുഖം വേണമെന്ന ആവശ്യം ബ്രിട്ടീഷ് ഭരണകൂടത്തിനുണ്ടായി. 1795 മുതല്‍ ബ്രിട്ടീഷ് ഭരണത്തിന് കീഴിലായിരുന്ന തുറമുഖത്തിന്റെ മുഖച്ഛായ മാറ്റാന്‍ 1920 ഏപ്രിലില്‍ റോബര്‍ട്ട് ബ്രിസ്റ്റോയെ കൊച്ചിയില്‍ എത്തിച്ചു. കൊച്ചിയില്‍ ഒരു ആധുനിക തുറമുഖം നിര്‍മിക്കാനുള്ള ശ്രമമായിരുന്നു പിന്നീട്.
ചെളി നിറഞ്ഞ് ആഴം കുറഞ്ഞ നിലയിലായിരുന്ന കൊച്ചി കായലിനെ വലിയ കപ്പലുകള്‍ പ്രവേശിക്കാന്‍ കഴിയുന്ന വിധം ആഴമുള്ളതാക്കി മാറ്റുകയായിരുന്നു ആദ്യശ്രമം. ഇതിനായി വിദേശത്തുനിന്ന് ഒരു ഡ്രഡ്ജര്‍ കൊണ്ടുവന്നു. അന്നത്തെ മദ്രാസ് പ്രസിഡന്‍സി ഗവര്‍ണറായിരുന്ന ലോര്‍ഡ് വെല്ലിംഗ്ടണ്‍ എന്ന പേര് ഡ്രഡ്ജറിനു നല്കി. ഈ പേരാണ് പിന്നീട് വെല്ലിംഗ്ടണ്‍ ഐലൻഡ് എന്നായി മാറിയത്.
1926 മാര്‍ച്ചില്‍ ചെങ്കടല്‍ വഴിയാണ് ലോര്‍ഡ് വെല്ലിംഗ്ടണ്‍ എന്ന ഡ്രഡ്ജർ കൊച്ചിയിലെത്തുന്നത്. യാത്രയ്ക്കിടെ ഡ്രഡ്ജറിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. അറ്റകുറ്റപ്പണികള്‍ നടത്തി രണ്ടു മാസത്തിനുശേഷമാണ് തുറമുഖത്തിന്റെ പണികള്‍ ആരംഭിച്ചത്. ദിവസവും 20 മണിക്കൂറിലേറെ ഡ്രഡ്ജര്‍ പ്രവര്‍ത്തിപ്പിച്ചു. 1928 മാര്‍ച്ചോടെ 11,000 അടി നീളവും 400 അടി വീതിയും 32 അടി ആഴവുമുള്ള ഒരു കപ്പല്‍ ചാനല്‍ രൂപപ്പെടുത്തിയെടുത്തു. കോരിയ ചെളി തുറമുഖത്തോടു ചേര്‍ന്നാണ് നിക്ഷേപിച്ചത്. ഇത് 200 ഏക്കറിലേറെ വിസ്തൃതിയുള്ള അത്ഭുത ദ്വീപിന്റെ സൃഷ്ടിക്കു കാരണമായി.
ചാനല്‍ പൂര്‍ത്തിയായി ഏതാനും ദിവസങ്ങള്‍ക്കുശേഷം ബോംബെ സ്റ്റീം നാവിഗേഷന്‍ കമ്പനിയുടെ തീരദേശ കപ്പലായ എസ്എസ് പത്മ പുതുതായി നിര്‍മിച്ച കപ്പല്‍ചാലിലൂടെ തുറമുഖത്തെത്തി. ആധുനിക കൊച്ചി തുറമുഖത്ത് നങ്കൂരമിടുന്ന ആദ്യ കപ്പലായിരുന്നു ഇത്. അവിടെയും തുറമുഖത്തിന്റെ സ്വപ്നങ്ങള്‍ അവസാനിച്ചില്ല. സൂയസ് കനാലിലൂടെ കടന്നുപോകാന്‍ കഴിയുന്ന വലിപ്പമുള്ള കപ്പലിനും കൊച്ചിയില്‍ പ്രവേശിക്കാന്‍ കഴിയുന്ന തരത്തില്‍ ചാനല്‍ വലുതാക്കുക എന്നതായിരുന്നു അടുത്ത ദൗത്യം.
ഇതിനായുള്ള ജോലികള്‍ 1928 ഡിസംബര്‍ മൂന്നിന് ആരംഭിച്ചു. വെറും മൂന്നു മാസത്തിനുള്ളില്‍ പണികള്‍ പൂര്‍ത്തിയായി. ദൗത്യം പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെ ലോര്‍ഡ് വെല്ലിംഗ്ടണ്‍ എന്ന കൊച്ചി തുറമുഖത്തിന്റെയും വെല്ലിംഗ്ടണ്‍ ഐലൻഡിന്റെയും സൃഷ്ടിക്കു കാരണമായ മണ്ണുമാന്തി കപ്പല്‍ കടലില്‍ മുങ്ങിപ്പോയെന്നാണു ചരിത്രകഥ. കഥ ഇതുതന്നെയാണെങ്കിലും കൊച്ചിയുടെയും കേരളത്തിന്റെയും വാണിജ്യ, വ്യാപാരമുന്നേറ്റത്തിനു കരുത്തേകാന്‍ ആധുനിക കൊച്ചി തുറമുഖം രൂപീകരണത്തോടെ കഴിഞ്ഞു.
അതീവസുരക്ഷാമേഖലയായ വെല്ലിംഗ്ടൺ ഐലൻഡിൽ നിലവിൽ നാവികസേനയുടെ വിമാനത്താവളവും പഞ്ചനക്ഷത്ര ഹോട്ടലായ താജ് മലബാർ ഉൾപ്പെടെ തന്ത്രപ്രധാന സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.